മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേക്കേറിയ തരംഗം ആവിയായി.
2026 സീസണ് ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടതോടെയാണിത്. ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കായി നിര്‍ണായകമായ മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ തിളക്കം നിലനിര്‍ത്താന്‍ സഞ്ജുവിനും കഴിഞ്ഞില്ല. 6, 7 എന്നതായിരുന്നു സിഎസ്കെ ജഴ്സിയിലെ സഞ്ജുവിന്റെ സ്കോര്‍.
തുടര്‍ച്ചയായ രണ്ടു തോല്‍വിക്കുശേഷം മൂന്നാം മത്സരത്തിനായി സിഎസ്കെ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ് സിഎസ്കെയുടെ എതിരാളികള്‍. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് സിഎസ്കെ x ആര്‍സിബി സൂപ്പര്‍ ക്ലാഷ്.
► രണ്ട് തോല്‍വി◄
ആദ്യമത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് എട്ട് വിക്കറ്റിനു പരാജയപ്പെട്ട ചെന്നൈ, ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി. ആയുഷ് മാത്രെ (43 പന്തില്‍ 73), ശിവം ദുബെ (27 പന്തില്‍ 45 നോട്ടൗട്ട്), സര്‍ഫറാസ് ഖാന് (12 പന്തില്‍ 32) എന്നിവരിലൂടെ ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), പ്രഭ്സിമ്രന് സിംഗ് (34 പന്തില്‍ 43) എന്നിവരിലൂടെ പഞ്ചാബ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി.
►ബൗളിംഗ് കരുത്തില്ല◄
പഞ്ചാബിനെതിരേ 209 റണ്‍സ് നേടിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഡിഫെന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. സിഎസ്കെയുടെ ബൗളിംഗ് യൂണിറ്റിന്റെ ബലഹീനത ആദ്യ രണ്ടു മത്സരങ്ങളിലും വെളിപ്പെട്ടു. രണ്ട് മത്സരത്തിലായി 30.5 ഓവര്‍ ആണ് സിഎസ്കെ ബൗളര്‍മാര്‍ എറിഞ്ഞത്. 338 റണ്‍സ് വഴങ്ങി. വീഴ്ത്താനായത് വെറും ഏഴ് വിക്കറ്റ് മാത്രം.
പരിക്കേറ്റ നഥാന്‍ എല്ലിസിനു പകരം സ്പെന്‍സര്‍ ജോണ്‍സനെ സ്വന്തമാക്കി. എന്നാല്‍, താരം ഇതുവരെ ടീമില്‍ ചേര്‍ന്നിട്ടില്ല. ഖലീല്‍ അഹമ്മദ്, മാറ്റ് ഹെൻറി, അന്‍ഷുല്‍ കാംബോജ് എന്നീ പേസര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചില്ല. സ്പിന്നര്‍ നൂര്‍ അഹമ്മദിനും ആദ്യ രണ്ടു മത്സരവും പിഴച്ചു.
14.2 കോടി വീതം മുടക്കി സ്വന്തമാക്കിയ അണ്‍ക്യാപ്ഡ് യുവതാരങ്ങളായ കാര്‍ത്തിക് ശര്‍മയെയും പ്രശാന്ത് വീറിനെയും പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തില്‍ സിഎസ്കെ കളത്തിലിറക്കി. എന്നാല്‍, പരിചയസമ്പത്തിന്റെ അഭാവം ഇവരുടെ പ്രകടനത്തില്‍ നിഴലിച്ചു.
ഏതായാലും 19-ാം സീസണിലെ മൂന്നാം മത്സരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബംഗളൂരുവില്‍ ഇന്നിറങ്ങും. സഞ്ജു ബാറ്റിംഗില്‍ തിളങ്ങുമോ..? സീസണിലെ ആദ്യജയം നേടാന്‍ സിഎസ്കെയ്ക്കു സാധിക്കുമോ..? കണ്ടറിയാം...